ഗാന്ധി കുടുംബത്തെ അപമാനിച്ചു; മോദിക്കെതിരേ അവകാശലംഘന നോട്ടീസുമായി കോണ്‍ഗ്രസ്
Friday, March 17, 2023 3:07 PM IST
ന്യൂഡൽഹി: രാജ്യസഭയില്‍ ഗാന്ധി കുടുംബത്തെ അപമാനിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ് നല്കി കോണ്‍ഗ്രസ്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ പിൻമുറക്കാർ എന്തുകൊണ്ട് അദ്ദേഹത്തിന്റെ പേര് ഒപ്പം ചേർക്കുന്നില്ലെന്ന പരാമർശത്തിലാണ് പ്രധാനമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് കോൺഗ്രസ് നോട്ടീസ് നല്‍കിയത്.
മോദിയുടെ പരാമർശം സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അപമാനിക്കുന്ന തരത്തിലാണ് എന്ന് നോട്ടീസിൽ പറയുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയാണ് നോട്ടീസ് നൽകിയത്.
ഫെബ്രുവരി ആദ്യവാരം നടന്ന രാജ്യസഭാ സമ്മേളനത്തിലായിരുന്നു മോദിയുടെ പരാമർശം. ഗാന്ധി കുടുംബം എന്തുകൊണ്ടാണ് സർ നെയിമായി നെഹ്റുവിന്റെ പേര് ഉപയോഗിക്കാത്തതെന്നും നെഹ്റുവിന്റെ പിൻമുറക്കാർക്ക് അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നതിൽ എന്താണ് നാണക്കേടെന്നുമായിരുന്നു മോദി ചോദിച്ചത്.