പേനയിലും സ്വർണക്കടത്ത്; കരിപ്പൂരിൽ 1.3 കിലോ സ്വർണം പിടികൂടി
Sunday, March 19, 2023 10:46 PM IST
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മൂന്ന് പേരിൽനിന്നായാണ് 1.3 കിലോ സ്വർണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം കെ.പുരം വെള്ളാടത്ത് ഷിഹാബ് (31), കാഞ്ഞങ്ങാട് ബേലികോത്ത് ഷാനവാസ് (26), കോഴിക്കോട് ശിവപുരം പറയരു കുന്നുമ്മേൽ അൻസൽ (32) എന്നിവരെ എയർ കസ്റ്റംസ് ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തു.
പേനയുടെ റീഫില്ലിനുള്ളിൽ സ്വർണം ഒളിപ്പിച്ചുകടത്താനുള്ള ശ്രമത്തിനിടെയാണ് ഷിഹാബ് പിടിയിലായത്. നാല് പേനകൾ വിശദമായി പരിശോധിച്ചപ്പോഴാണ് റീഫില്ലിനുള്ളിൽ സ്വർണറോഡുകൾ അതിവിദഗ്ധമായി ഒളി പ്പിച്ചത് കണ്ടെത്തിയത്. രണ്ട് ലക്ഷം രൂപയുടെ 42 ഗ്രാമുള്ള നാല് സ്വർണറോഡുകളാണുണ്ടായിരുന്നത്.
ഷാനവാസിൽനിന്ന് 1116 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചത്. ഇയാൾ ധരിച്ചിരുന്ന പാന്റ്സിനും അടിവസ്ത്രത്തിനും കൂടുതൽ ഭാരം തോന്നിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇവ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചവയാണെന്ന് വ്യക്തമായത്. ഇരുവരും ദുബായിൽനിന്നാണ് കരിപ്പൂരിലെത്തിയത്.
അൻസിൽ 795 ഗ്രാം സ്വർണമിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് എത്തിയത്. ജിദ്ദയിൽനിന്നാണ് ഇയാൾ വന്നത്.