ബിഷപ്പിന്റെ പ്രസംഗത്തിൽ പരിഭ്രാന്തിയെന്തിന്: വി.മുരളീധരൻ
Sunday, March 19, 2023 10:46 PM IST
മുംബൈ: തലശേരി അതിരൂപതാ ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയിൽ ഭരണ പ്രതിപക്ഷത്തിന് പരിഭ്രാന്തി എന്തിനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇരുകൂട്ടരും ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷ അർപ്പിക്കുന്നതിൽ അസ്വസ്ഥത പാടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മാറിമാറി ഭരിച്ചവരുടെ വഞ്ചനയിൽ മനംമടുത്താണ് കർഷകൻ ബിജെപിയിൽ പ്രതീക്ഷ വയ്ക്കുന്നത്. മാർ ജോസഫ് പാംപ്ലാനിക്ക് എതിരെ രംഗത്ത് വരുന്ന എം.വി. ഗോവിന്ദനും വി.ഡി. സതീശനും അത് ഓർക്കുന്നത് നല്ലതാണെന്നും മുരളീധരൻ പ്രതികരിച്ചു.
ജപ്തി ഭീഷണിയിൽ റബർ കർഷകൻ ആത്മഹത്യ ചെയ്യുന്നതല്ല, ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കമാണ് കേരളത്തിലെ ഭരണ പ്രതിപക്ഷത്തിന് മുഖ്യം. താങ്ങുവിലയിലെ തട്ടിപ്പും ജപ്തിഭീഷണിയും മൂലം കേരളത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കണക്ക് പുറത്തു വിടണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.