ക്രെഡിറ്റ് സ്വീസ് ബാങ്കിനെ ഏറ്റെടുത്ത് യുബിഎസ്
Monday, March 20, 2023 3:16 AM IST
ബേൺ: തകർച്ച നേരിടുന്ന ക്രെഡിറ്റ് സ്വീസ് ബാങ്കിനെ ഏറ്റെടുത്ത് ബിസിനസ് വൈരികളായ യുബിഎസ്. അന്താരാഷ്ട്ര ബാങ്കിംഗ് മേഖലയിലെ തളർച്ച ഒഴിവാക്കാനായി സ്വിസ് സെൻട്രൽ ബാങ്കിന്റെ നിർദേശപ്രകാരമാണ് യുബിഎസ് ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുത്തത്.
ഏകദേശം രണ്ട് ബില്യൺ ഡോളർ നൽകിയാണ് യുബിഎസ് ക്രെഡിറ്റ് സ്വീസിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ഇരു ബാങ്കുകൾക്കും ശക്തി പകരാനായി സ്വിസ് സെൻട്രൽ ബാങ്ക് 108 ബില്യൺ ഡോളർ അടിയന്തര സഹായമായി കൈമാറിയിട്ടുണ്ട്.
പുതിയ നീക്കത്തോടെ ഇരു ബാങ്കുകളുടെയും പ്രവർത്തനം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെന്ന് സ്വിസ് സാമ്പത്തിക നിരീക്ഷക അതോറിറ്റി അറിയിച്ചു.
യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്സർലൻഡിൽ സ്വിസ് ബാങ്കിംഗ് കോർപറേഷനെ 1998-ൽ ലയിപ്പിച്ച് രൂപം കൊണ്ടതാണ് യുബിഎസ്. 1.1 ലക്ഷം കോടി ഡോളർ ആസ്തിയും 74,000 ജീവനക്കാരുമുള്ള യുബിഎസിന്റെ വിപണിമൂല്യം 5,656 കോടി ഡോളറാണ്. 50, 400 ജീവനക്കാരുള്ള ക്രെഡിറ്റ് സ്വീസിന്റെ വിപണിമൂല്യം 796 കോടി ഡോളർ മാത്രമാണ്.