തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കു നേരെ ലൈംഗികാതിക്രമം; പോലീസിന് വീഴ്ചയെന്ന് പരാതി
Monday, March 20, 2023 11:36 AM IST
തിരുവനന്തപുരം: തലസ്ഥാനത്ത് നടുറോഡില്‍ വീണ്ടും സ്ത്രീക്കുനേരെ ലൈംഗികാതിക്രമം. 49കാരിയാണ് അതിക്രമത്തിനിരയായത്.
വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 ഓടെയാണ് സംഭവം. സമീപത്ത്
താമസിക്കുന്ന പരാതിക്കാരി മരുന്നുവാങ്ങാനായി ഇരുചക്രവാഹനത്തില്‍ പുറത്തുപോയി മടങ്ങവേയായിരുന്നു ആക്രമണം.
മൂലവിളാകം ജംഗ്ഷനില്‍ വച്ച് അജ്ഞാതനായ ഒരാള്‍ ഇവരെ പിന്തുടര്ന്നു. വീട്ടിലേയ്ക്കുള്ള വഴിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു.
വീട്ടിലെത്തി വിവരം പറഞ്ഞപ്പോള്‍ ഇവരുടെ മകള്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചു. എന്നാല്‍ മേല്‍വിലാസം ചോദിച്ചതല്ലാതെ മറ്റൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പിന്നീട് ഇവര്‍ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി.
ഒരുമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലീസ് ഉദ്യോഗസ്ഥന് സ്റ്റേഷനിലെത്തി മൊഴി നല്കാന് ആവശ്യപ്പെട്ടു. പരാതിക്കാരി കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന് ശേഷം മാത്രമാണ് പോലീസ് കേസെടുത്തതെന്നും പരാതിയുണ്ട്.