പ്രഥമ കേരള പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും
Tuesday, March 21, 2023 7:05 AM IST
തിരുവനന്തപുരം: സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്ക് ആദരമർപ്പിക്കാനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പരമോന്നത ബഹുമതിയായ കേരള പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും.
പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളം ഏർപ്പെടുത്തിയ പുരസ്കാരങ്ങളുടെ ആദ്യ പതിപ്പാണിത്. വൈകിട്ട് നാലിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും.
സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്കാരവും നാടകകൃത്ത് ഓംചേരി എൻ.എൻ പിള്ള, മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ടി. മാധവ മേനോൻ, നടൻ മമ്മൂട്ടി എന്നിവരാണ് കേരള പ്രഭ പുരസ്കാരവും നൽകും.
'ഫ്രോഗ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഡോ. സത്യഭാമാദാസ് ബിജു, മജീഷ്യൻ ഗോപിനാഥ് മുതുകാട്, ശിൽപി കാനായി കുഞ്ഞിരാമൻ, വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ശാസ്ത്രപ്രചാരകൻ എം.പി. പരമേശ്വരൻ, ഗായിക വൈക്കം വിജയലക്ഷ്മി എന്നിവർ കേരള ശ്രീ പുരസ്കാരത്തിന് അർഹരായി.