യുഎസിലെ സ്കൂളിൽ വെടിവയ്പ്; ഒരു വിദ്യാർഥി മരിച്ചു, ഒരാൾക്ക് പരിക്ക്
Tuesday, March 21, 2023 7:51 AM IST
ടെക്സസ്: യുഎസിലെ ടെക്സസിലെ ഹൈസ്കൂളിൽ തിങ്കളാഴ്ചയുണ്ടായ വെടിവയ്പിൽ ഒരു വിദ്യാർഥി മരിച്ചു. ഒരു വിദ്യാർഥിനിക്ക് പരിക്കേറ്റു. പ്രായപൂർത്തിയാകാത്ത ആളാണ് അക്രമം നടത്തിയത്. ഇയാളെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു.
ആർലിംഗ്ടണിലെ ലാമർ ഹൈസ്കൂൾ കെട്ടിടത്തിന് പുറത്ത് തിങ്കളാഴ്ച രാവിലെ ഏഴിനാണ് സംഭവം. സ്കൂളിലേക്ക് വിദ്യാർഥികൾ എത്തുന്നതിനിടെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. വെടിയുതിർത്ത ഉടൻ സ്കൂൾ പരിസരത്ത് നിന്ന് ഓടിപ്പോയി.
വെടിയേറ്റ നിലയിൽ കണ്ടെത്തിയ ഒരു വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കസ്റ്റഡിയിലെടുത്തയാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ല. വെടിവയ്പിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
വെടിവയ്പ്പിനെ തുടർന്ന് ലാമർ ഹൈസ്കൂൾ അടച്ചിട്ടതായി സ്കൂൾ ജില്ലാ വക്താവ് അനിത ഫോസ്റ്റർ പറഞ്ഞു. നാലു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ഒരു നഗരമാണ് ആർലിംഗ്ടൺ.