വൈകി ഉദിച്ച ബോധോദയം
വി.ശ്രീകാന്ത്
Tuesday, March 21, 2023 3:36 PM IST
വൈകിയാണെങ്കിലും സ്പീക്കർ എ.എൻ.ഷംസീറിന് ബോധം ഉദിച്ചു. "ഷാഫി പറന്പിൽ എംഎൽഎ അടുത്ത തവണ തോൽക്കും' എന്ന തന്റെ പരാമർശം സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്ന് റൂളിംഗിലൂടെ സ്പീക്കർ അറിയിച്ചു.
ആ പ്രയോഗം സഭയിൽ ഉന്നയിച്ചതിന്റെ അടുത്ത ദിവസം തന്നെ എല്ലാവരും ഇങ്ങനെ ഒരു ഏറ്റുപറച്ചിൽ ഉണ്ടായേക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. വൈകി ഉദിച്ച ബോധോദയത്തിൽ പക്ഷേ പ്രതിപക്ഷത്തെ തണുപ്പിക്കാനുള്ള മരുന്നില്ലായിരുന്നു.
ഇന്ന് വീണ്ടും ശക്തമായി അവർ ആഞ്ഞടിച്ചു. അതോടെ ഭരണപക്ഷത്തിന്റെ നിലതെറ്റി. ഒടുവിൽ അവർ സഭ അനിശ്ചിത കാലത്തേക്ക് നിർത്തുന്നുവെന്ന പറയേണ്ട അവസ്ഥയിലേക്കെത്തി.
സോപ്പിടലേറ്റില്ല
സ്പീക്കറുടെ റൂളിംഗ് കേട്ടിട്ടുള്ള ഏതൊരു സാമാന്യ ജനത്തിനും മനസിലാവും ഇത് പ്രതിപക്ഷത്തെ സോപ്പിടാനുള്ള ടെക്നിക്കാണെന്ന്. സഭാ നടപടികളുമായി മുന്നോട്ടു പോകാൻ ഒരു തരത്തിലും പറ്റാതെ വരുന്പോൾ അനുനയത്തിന് താനും ശ്രമിച്ചുവെന്ന് സ്പീക്കർക്ക് ഇനി ധൈര്യത്തെ പറയാം.
മുന്നിലെ കുഴി നേരത്തെ കണ്ടത് കൊണ്ട് തന്നെ പ്രതിപക്ഷം ഒരു നിലയ്ക്കും ഒതുങ്ങാതെ പ്രതിഷേധിച്ച് മുന്നോട്ട് പോകുന്നതാണ് ഇന്നും നിയമസഭയിലുണ്ടായത്.
കേസ് തീർപ്പായില്ല
പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ് തീർപ്പാക്കുന്നവരെ നിയമസഭ സ്തംഭിക്കൽ ഒരു തുടർ പരിപാടി പോലെ നടത്താനായിരുന്നു ഇന്നും പ്രതിപക്ഷത്തിന്റെ തീരുമാനം. അല്ലാതെ വേറെ വഴിയില്ലല്ലോ.
കേസുകൾ പിൻവലിക്കുന്ന കാര്യം ഇന്നും മുഖവിലയ്ക്കെടുക്കാൻ ഭരണപക്ഷം തയാറായകാതെ വന്നപ്പോൾ പ്രതിപക്ഷം അവരുടെ പതിനെട്ടാമത്തെ അടവ് പയറ്റി. നടുത്തത്തളത്തിൽ അഞ്ച് എംഎൽഎമാരെ അനിശ്ചതികാല സമരത്തിനിറക്കി.
ഭരണപക്ഷം ചോദ്യാത്തരവേളയിലൂടെ സഭ മുന്നോട്ട് നീക്കിയപ്പോൾ പ്രതിപക്ഷം സമരത്തിന്റെ കനവും കൂട്ടി. ഒടുവിൽ മുഖ്യമന്ത്രിക്ക് സഭ വെട്ടിച്ചുരുക്കേണ്ട ഗതികേടിലേക്ക് എത്തിച്ചേരേണ്ടി വന്നു. പ്രതിപക്ഷ എംഎൽഎമാർക്കെതിരെയുള്ള കേസ് ഇപ്പോഴും അതെ പോലെ നിൽക്കുകയാണ്.
ഒരടി പോലും പിന്നോട്ട് വരാൻ ഭരണപക്ഷം തയാറായല്ലായെന്നും ഞങ്ങളുടെ ധാർഷ്ട്യം ഞങ്ങൾ തുടരുമെന്നും വീണ്ടും തെളിയിച്ചിരിക്കുകയാണ് ഭരണപക്ഷം.
ശാസനകൾ നിരവധി
സഭാനാഥൻ കുറ്റം ഏറ്റുപറഞ്ഞാലും ഇല്ലെങ്കിലും അദ്ദേഹത്തിന് മറ്റുള്ള അംഗങ്ങളെ ശാസിക്കാനുള്ള അധികാരം ഉണ്ട്. ഇന്നലെ തന്റെ തെറ്റ് ഏറ്റുപറഞ്ഞ ശേഷമാണ് ശാസനകൾ നിരവിധയുള്ള റൂളിംഗ് മുഴുമിപ്പിച്ചത്.
പ്രതിപക്ഷത്തെ കൊട്ടി കൊണ്ടുള്ള ശാസനകളുടെ ഒരു ഒഴുക്ക് തന്നെ ഇന്നലെ അദ്ദേഹത്തിന്റെ റൂളിംഗിൽ കാണാൻ സാധിച്ചു. ഇന്നാകട്ടെ വീണ്ടും ശാസനകൾ തുടർന്ന് പ്രതിപക്ഷത്തെ വിരട്ടാൻ ശ്രമിച്ചെങ്കിലും ഒന്നും ഏറ്റില്ല.
ഒടുവിൽ എല്ലാം വെട്ടിച്ചുരുക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രമേയം സ്പീക്കർ അംഗീകരിച്ചു.