സ്കൂൾ പരിസരത്ത് വാഹനാപകടം; മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു
Thursday, March 23, 2023 1:05 AM IST
ഭുവനേശ്വർ: ഒഡീഷയിൽ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് സ്കൂൾ പരിസരത്ത് നിന്ന മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആറാം ക്ലാസ് വിദ്യാർഥികളാണ് ഇവരെല്ലാവരും.
സോനെപുർ ജില്ലയിലെ ശാരദാപ്പള്ളി അപ്പർ പ്രൈമറി സ്കൂളിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. പരീക്ഷയ്ക്ക് ശേഷം വീടുകളിലേക്ക് പോകാനായി സ്കൂളിന്റെ പുറത്ത് നിന്ന വിദ്യാർഥികളെയാണ് കാർ ഇടിച്ചുതെറുപ്പിച്ചത്.
ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് ദുഃഖം രേഖപ്പെടുത്തി. മരിച്ച വിദ്യാർഥികളുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പരിക്കേറ്റ വിദ്യാർഥിക്ക് 50,000 രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു.