ശ്രേയസിനു ശസ്ത്രക്രിയ; ഐപിഎൽ കളിക്കാനില്ല
Thursday, March 23, 2023 9:33 AM IST
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കിടെ നടുവേദനയെത്തുടർന്നു ടീമിൽനിന്നു പുറത്തായ ഇന്ത്യൻ താരം ശ്രേയസ് അയ്യർ ശസ്ത്രക്രിയയ്ക്കു വിധേയനാകുമെന്നു ബിസിസിഐ വൃത്തങ്ങൾ. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയും പുറംവേദനയെത്തുടർന്ന് ശ്രേയസ് അയ്യറിനു നഷ്ടപ്പെട്ടിരുന്നു.
ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതോടെ ഈ മാസം അവസാനം ആരംഭിക്കുന്ന ഐപിഎൽ ട്വന്റി-20, ജൂണ്‍ ഏഴിന് തുടങ്ങുന്ന ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ എന്നീ നിർണായക പോരാട്ടങ്ങളിൽ ശ്രേയസ് അയ്യർ കളിക്കില്ല. ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനാണു ശ്രേയസ് അയ്യർ.
ഏപ്രിൽ ഒന്നിന് പഞ്ചാബ് കിംഗ്സുമായാണ് 2023 ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മത്സരം. ശസ്ത്രക്രിയയ്ക്കുശേഷം അഞ്ചു മാസത്തെയെങ്കിലും വിശ്രമം ആവശ്യമാണ്.