ഏത് ഗാന്ധിയായാലും കോടതി ശിക്ഷിച്ചാൽ പാർലമെന്റിൽ ഇരിക്കാനാവില്ല: സുരേന്ദ്രൻ
Friday, March 24, 2023 7:20 PM IST
തിരുവനന്തപുരം: ഏത് ഗാന്ധിയായാലും കോടതി ശിക്ഷിച്ചാൽ പാർലമെന്റിൽ ഇരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പലരെയും ഇതിനു മുൻപും അയോഗ്യരാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് പുതിയ സംഭവമല്ല. രാഹുൽ ഗാന്ധിക്കുവേണ്ടി കോണ്‍ഗ്രസിനെക്കാളും അവേശത്തിലാണ് ഇന്ന് സിപിഎം രംഗത്തിറങ്ങിയിരിക്കുന്നത്.
ബിജെപിയോ മോദിയോ അല്ല രാഹുലിനെ ശിക്ഷിച്ചത്. കോടതിയാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. മേൽ കോടതി ഈ വിധി റദ്ദാക്കാതിരുന്നാൽ വയനാട്ടിലെ ജനങ്ങൾക്ക് സന്തോഷമായിരിക്കും. അവർക്ക് പുതിയ ഒരു എംപിയെ ലഭിക്കും. കുറച്ചുകൂടി മെച്ചപ്പെട്ട ഒരു എംപിയെയാണ് വയനാടുകാർ പ്രതീക്ഷിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
രാഹുൽ ഗാന്ധിയായാലും മോദി ആയാലും പിണറായി വിജയനായാലും കോടതി ശിക്ഷിച്ചാൽ പാർലമെന്റിൽ ഇരിക്കാൻ പറ്റില്ല. ഇവിടെ ചിലരുടെ പേടി അതാണ്. അതുകൊണ്ടാണ് അഴിമതി കേസുകൾ നീട്ടിക്കൊണ്ടുപോകാൻ സ്വന്തം സർക്കാരിനെ ഉപയോഗിക്കുന്നത്. ഇഡി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. സിബിഐ കേസിനെതിരെ ജൂഡീഷൽ കമ്മീഷനെ വച്ചത്. ഇതൊക്കെ കോടതിയെ പേടിച്ചാണ്.
മടിയിൽ കനമുള്ളവരെല്ലാം എപ്പോഴും ഭയപ്പെട്ടിരിക്കും. അതുകൊണ്ടാണ് വിധികൾ വൈകുന്നത്. അന്വേഷണ എജൻസികളെ തടസപ്പെടുത്തുന്നത്. കോടികണക്കിനു രൂപ കൊള്ളയടിച്ചവർ എല്ലാവരും ഒറ്റ കന്പനിയായിരിക്കുകയാണ്. എല്ലാ കള്ളൻമാരും വട്ടത്തിലിരുന്ന് ഞങ്ങൾ പരസ്പരം രക്ഷിച്ചുകൊള്ളാമെന്ന് പറഞ്ഞിരിക്കുകയാണ്.
രാഹുൽ ഗാന്ധിയുടെ പേരിൽ ഇന്ന് പരസ്യ പ്രസ്താവന നടത്തിയ പിണറായി വിജയന് ഉൾപ്പെടെ ഒൻപത് പാർട്ടി നേതാക്കളും അഴിമതി കേസുകളിൽ ജയിൽ കാത്തിരിക്കുന്നവരാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.