ബിജെപിക്കെതിരെ ഒരുമിക്കണമെന്ന് എ.കെ.ആന്റണി, ഒരാളുടെ മണ്ടത്തരത്തിന് ശ്രദ്ധകൊടുക്കരുതെന്ന് അനിൽ
Friday, March 24, 2023 7:42 PM IST
ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ച് അനിൽ കെ. ആന്റണി. ഒരു വ്യക്തിയുടെ വിഡ്ഢിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ കൂടിയായ അനിലിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അനിൽ പ്രതികരിച്ചത്.
2014 മുതൽ പ്രത്യേകിച്ച് 2017-ന് ശേഷമുള്ള കോൺഗ്രസിന്റെ ദുരവസ്ഥ ദുഃഖകരമാണെന്ന് അനിൽ പറഞ്ഞു. ഒരു വ്യക്തിയുടെ വിഡ്ഢിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്തി രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പാർട്ടി ഇടപെടണം. അല്ലാത്തപക്ഷം 2024-നപ്പുറം കോൺഗ്രസ് കടക്കില്ലെന്നും അനിൽ ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെന്തായി തീരും? ഇന്ത്യയില്‍ ജനാധിപത്യം തുടരുമോ? അതോ നിയന്ത്രിത ജനാധിപത്യത്തിലേക്ക് മാറുമോയെന്ന് ആശങ്കപ്പെടുത്തുന്ന സംഭവ വികാസങ്ങളാണ് ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണിയുടെ പ്രതികരണം. രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈ ഘട്ടത്തില്‍ എല്ലാം മറന്ന് ഒരുമിച്ച് നിന്ന് പോരാടണമെന്ന് എ.കെ. ആന്റണി ആവശ്യപ്പെട്ടു.