ബ്രസീൽ മുൻ പ്രസിഡന്റ് ദിൽമ റൂസഫ് ബ്രിക്സ് ബാങ്ക് മേധാവി
Friday, March 24, 2023 8:19 PM IST
ഷാംഗ്ഹായ്: ബ്രിക്സ് രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ന്യൂ ഡവലപ്മെന്റ് ബാങ്ക്(എൻഡിബി) മേധാവിയായി ബ്രസീൽ മുൻ പ്രസിഡന്റ് ദിൽമ റൂസഫ് തെരഞ്ഞെടുക്കപ്പെട്ടു.
ഷാംഗ്ഹായ്യിലെ ബാങ്ക് ആസ്ഥാനത്ത് നടന്ന ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ് റൂസഫിനെ പ്രസിഡന്റായി നാമനിർദേശം ചെയ്തത്. ബ്രസീലിൽ നിന്നുള്ള മാർക്കസ് ട്രോയോയ്ക്ക് പകരമായി ആണ് റൂസഫിന്റെ നിയമനം. 2025 ജൂലൈ 6 വരെ റൂസഫിന് സ്ഥാനത്ത് തുടരാം.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ സാമ്പത്തിക സഹകരണം ഉറപ്പാക്കാനുള്ള പദ്ധതിയാണ് എൻഡിബി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിരവധി വികസനപദ്ധതികൾക്ക് എൻഡിബി ഫണ്ട് നൽകിയിട്ടുണ്ട്.
സാമ്പത്തിക ശാസ്ത്രജ്ഞയായ റൂസഫ് എൻഡിബിയുടെ രൂപീകരണ വേളയിലെ ആലോചനസംഘത്തിൽ ബ്രസീലിയൻ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.