ഞാൻ ഇന്ത്യയുടെ ശബ്ദത്തിനുവേണ്ടി പോരാടുകയാണ്, എന്ത് വില കൊടുക്കാനും തയാർ: രാഹുൽ ഗാന്ധി
Friday, March 24, 2023 8:21 PM IST
ന്യൂഡൽഹി: ലോക്സഭ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിനു പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് താന്‍ പോരാടുന്നത്. അതിനു വേണ്ടി എന്തു വില കൊടുക്കാനും തയാറാണെന്ന് രാഹുൽ ട്വിറ്ററിലൂടെ വ്യക്തമാക്കി.
അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച രാഹുലിന് രണ്ടു വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതേതുടർന്നാണ് ഇന്ന് രാഹുലിനെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയത്. ലോക്സഭ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്.
മോദി സമുദായത്തെ ആക്ഷേപിച്ചുവെന്നാരോപിച്ച് ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ കേസിലാണ് സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ റാലിയിൽ പങ്കെടുത്തു പ്രസംഗിക്കവെ “എല്ലാ കള്ളന്മാർക്കും മോദിയെന്ന പേര് എങ്ങനെ ലഭിച്ചു”വെന്ന് രാഹുൽ പ്രസംഗിച്ചതാണ് കേസിനാധാരം.
നീരവ് മോദി, ലളിത് മോദി എന്നിവർക്കൊപ്പം നരേന്ദ്ര മോദിയെക്കൂടി ചേർത്തായിരുന്നു രാഹുലിന്റെ പ്രയോഗം. ഈ പരാമർശം മോദിസമുദായത്തെ ഒന്നടങ്കം അപകീർത്തിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎൽഎ പരാതി നൽകിയത്. കേസിലെ വിചാരണയ്ക്കുള്ള സ്റ്റേ ഗുജറാത്ത് ഹൈക്കോടതി അടുത്തിടെ നീക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് വിചാരണ വീണ്ടും ആരംഭിച്ചത്.