മുസ്ലിംകൾക്കുള്ള ഒബിസി സംവരണം റദ്ദാക്കി കർണാടക
Friday, March 24, 2023 11:07 PM IST
ബംഗളൂരു: മുസ്ലിം വിഭാഗത്തിന് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സീറ്റുകളിലും അനുവദിച്ചിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കി കർണാടക. പ്രസ്തുത സംവരണാനുകൂല്യം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് തുല്യമായി വീതിച്ച് നൽകും.
ഇന്ന് നടന്ന കാബിനറ്റ് ചർച്ചയ്ക്കൊടുവിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ആകെ സംവരണ ക്വോട്ട 50 ശതമാനത്തിൽ നിന്ന് 56 ശതമാനമായി ഉയർത്തി. പുതിയ തീരുമാനപ്രകാരം മുസ്ലിംകൾക്ക് ഇഡബ്ല്യുഎസ് സംവരണം മാത്രമാകും ലഭ്യമാകുക.
പട്ടികജാതി വിഭാഗങ്ങൾക്കുള്ള സംവരണം 15 ശതമാനത്തിൽ നിന്ന് 17 ശതമാനമായും പട്ടികവർഗങ്ങൾക്കുള്ള സംവരണം മൂന്ന് ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായും ഉയർത്തി.