കര്‍ണാടകയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സിദ്ധരാമയ്യ വരുണയില്‍ മത്സരിക്കും
Saturday, March 25, 2023 12:45 PM IST
ബംഗളൂരു: കര്‍ണാടകയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 124 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.
മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ സിദ്ധരാമയ്യ വരുണ മണ്ഡലത്തില്‍നിന്ന് മത്സരിക്കും. കോലാറില്‍ നിന്ന് മത്സരിക്കുമെന്ന് നേരത്തെ സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ കോലാര്‍ സുരക്ഷിത മണ്ഡലമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വരുണ മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ കനകപുരയില്‍ നിന്ന് വീണ്ടും ജനവിധി തേടും. മുന്‍ ഉപമുഖ്യമന്ത്രി ജി.പരമേശ്വര കൊരട്ടഗെരെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. മുന്‍ മന്ത്രി കെ.എച്ച്.മുനിയപ്പ ദേവനഹള്ളിയില്‍ സ്ഥാനാര്‍ഥിയാകും.
മുന്‍ മന്ത്രിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക്.എം.ഖാർഗെ ചിറ്റാപ്പൂര്‍ മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കും.