മൂന്നാം സ്വർണം ഇടിച്ചിട്ട് നിഖാത് സരീൻ
Sunday, March 26, 2023 7:01 PM IST
ന്യൂഡൽഹി: ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മൂന്നാം സ്വർണം ഇടിച്ചെടുത്ത് കോമൺവെൽത്ത് ചാമ്പ്യൻ നിഖാത് സരീൻ. 50 കിലോഗ്രാം വിഭാഗത്തിൽ വിയ്റ്റനാം താരം ന്യുയെൻ തി ഥാമിനെ 5-0 എന്ന സ്കോറിന് വീഴ്ത്തിയാണ് സരീൻ തന്റെ രണ്ടാം ലോക ചാമ്പ്യൻഷിപ്പ് മെഡൽ സ്വന്തമാക്കിയത്.
വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സരീൻ എതിരാളിയെ കീഴടക്കിയത്. മത്സരത്തിന്റെ ആദ്യ റൗണ്ടുകളിൽ ഇരുതാരങ്ങളും പതുങ്ങി നിന്നെങ്കിലും പിന്നീട് ഇടിക്കൂട്ടിൽ വാശിയേറി. അവസാന റൗണ്ടിലെ രണ്ട് കിടിലൻ ഇടംകൈ പഞ്ചുകളോടെ സരീൻ കിരീടം ഉറപ്പിച്ചു.
2022 ചാമ്പ്യൻഷിപ്പിൽ 52 കിലോഗ്രാം വിഭാഗത്തിലാണ് സരീൻ കിരീടമുയർത്തിയത്. നേരത്തെ, നീതു ഗംഗാസ്, സവീതി ബൂറാ എന്നിവരും ഇന്ത്യക്കായി സ്വർണനേട്ടത്തിൽ എത്തിയിരുന്നു.