മുംബൈ മേരി ജാൻ!
Sunday, March 26, 2023 11:56 PM IST
മുംബൈ: തുടക്കം മുതൽ ഒടുക്കം വരെ പറഞ്ഞുറപ്പിച്ച ഫോർമാറ്റിൽ ചലിക്കുന്ന മസാലപ്പടം കണക്കെ ട്വിസ്റ്റുകളുലേതുമില്ലാതെ വനിതാ പ്രീമിയർ ലീഗിൽ മുത്തമിട്ട് മുംബൈ ഇന്ത്യൻസ്. മുംബൈ തീരത്തെ ആർത്തലയ്ക്കുന്ന തിരമാലയ്ക്ക് മുമ്പിൽ നിന്ന് "ദുനിയാ' കീഴടക്കാൻ ആഗ്രഹിച്ച റോക്കി ഭായ്യുടെ കരുത്ത് ആവേശമാക്കി, ഡൽഹി ക്യാപിറ്റൽസിനെ ഏഴ് വിക്കറ്റിന് വീഴ്ത്തിയാണ് മുംബൈ ഇന്ത്യൻസ് കുട്ടിക്രിക്കറ്റിന്റെ ലോകം പിടിച്ചടക്കിയത്.
ക്യാപിറ്റൽസ് ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ മൂന്ന് പന്ത് മാത്രം ബാക്കി നിൽക്കെയാണ് വിജയം കണ്ടത്. വിക്കറ്റുകൾ നഷ്ടമായില്ലെങ്കിലും റൺസ് വിട്ടുനൽകാൻ ക്യാപിറ്റൽസ് മടിച്ചതോടെ കന്നിക്കിരീടത്തിലേക്ക് ബൗണ്ടറി പായിക്കാൻ നതാലി സ്കിവറിന്(60*) കാത്തിരിക്കേണ്ടി വന്നു.
സ്കോർ:
ഡൽഹി ക്യാപിറ്റൽസ് 131/9(20)
മുംബൈ ഇന്ത്യൻസ് 134/3(19.3)
55 പന്തിൽ ഏഴ് ബൗണ്ടറികളുമായി ആണ് സ്കിവർ മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. ഹെയ്ലി മാത്യൂസ്(13), യാസ്തിക ഭാട്ടിയ(4) എന്നിവർ വേഗം മടങ്ങിയെങ്കിലും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 37 റൺസുമായി മികച്ച പിന്തുണ നൽകി. പതിവ് വേഗമില്ലാതെ, കിരീടക്കരയിലുള്ള ചെറിയ ലക്ഷ്യത്തിലേക്ക് പോകാനായി മെല്ലെയാണ് ഹർമനും ബാറ്റ് വീശിയത്.
അമേലിയ കെർ(14) ഫിനിഷിംഗിൽ സ്കിവറിനെ സഹായിച്ചു. രാധാ യാദവ്, ജെസ് ജോണാസൺ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. ഹർമനെ അലീസ് ശിഖ പാണ്ഡേ റൺഔട്ട് ആക്കുകയായിരുന്നു.
നേരത്തെ, മൂന്ന് വിക്കറ്റ് വീതം നേടിയ ഇസി വോംഗ്, ഹെയ്ലി മാത്യൂസ് എന്നിവരുടെ പ്രകടനമാണ് ക്യാപിറ്റൽസിന്റെ നടുവൊടിച്ചത്. 10.3 ഓവറിൽ 73-4 എന്ന നിലയിൽ പതറിയ ടീമിനെ മെഗ് ലാനിംഗ്(35), പാണ്ഡേ(27) എന്നിവരാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഒമ്പതാം വിക്കറ്റിലെ പാണ്ഡേ - രാധാ യാദവ്(27*) പോരാട്ടം ടീമിനെ 100 റൺസ് കടത്തി.
ഷഫാലി വർമ(11), അലീസ് കാപ്സി(0), ജെമീമ റോഡ്രിഗസ്(9), മരിസാനെ കാപ്(18) എന്നീ വിശ്വസ്തർ നിറംമങ്ങിയത് ക്യാപിറ്റൽസിന് തിരിച്ചടിയായി. മുംബൈയ്ക്കായി അമേലിയ കെർ രണ്ട് വിക്കറ്റുകൾ പിഴുതു.
കിരീടത്തിനരികെ വീണെങ്കിലും ഡൽഹി ക്യാപ്റ്റൻ മെഗ് ലാനിംഗ് ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി. മുംബൈയുടെ ഹെയ്ലി മാത്യൂസിനാണ് മികച്ച വിക്കറ്റ് വേട്ടക്കാരിക്കുള്ള പർപ്പിൾ ക്യാപ്.