ഉയർത്തെഴുന്നേൽക്കുമോ കോൺഗ്രസ് ?
വി.ശ്രീകാന്ത്
Tuesday, March 28, 2023 2:50 PM IST
ഗ്യാസിന് വെച്ചടി വെച്ചടി വില കൂട്ടുന്നു.. പെട്രോൾ വിലയാകട്ടെ അങ്ങ് മേലേ കയറി നിൽക്കുകയാണ്... ഡീസൽ വിലയോ പെട്രോളിനെ എപ്പോൾ വേണമെങ്കിലും കടത്തിവെട്ടാമെന്ന നിലയിൽ... അതിന്റെ കൂടെയാണ് ഇപ്പോൾ രാഹുൽ ഗാന്ധിക്ക് അയോഗ്യത കൂടി കിട്ടിയിരിക്കുന്നത്.
അകത്തുള്ള രാഹുലിനേക്കാൾ പുറത്തുള്ള രാഹുലാണ് കൂടുതൽ അപകടകാരിയെന്നാണ് ജന സംസാരം. എവിടെ നോക്കിയാലും ഇപ്പോൾ രാഹുൽ ഗാന്ധിയാണ്. പലരുടെയും വാട്സാപ്പ് പ്രൊഫൈൽ ചിത്രവും സ്റ്റാറ്റസും തന്നെ രാഹുലാണ്. അയോഗ്യത സോഷ്യൽ മീഡിയയിൽ കത്തി കയറുകയാണ്. നേതാക്കളാകട്ടെ തെരുവിൽ പ്രതിഷേധത്തിന്റെ അലയൊലി തീർക്കുകയാണ്.
ഇതൊക്കെ കൊണ്ട് രാഹുൽ ഗാന്ധിക്കോ കോൺഗ്രസിനോ എന്തെങ്കിലും പ്രയോജനം ഉണ്ടാക്കുമോയെന്നാണ് ജനം ഉറ്റു നോക്കുന്നത്. ഇത് ബിജെപിയെ തകർക്കാനുള്ള കോൺഗ്രസിന്റെ അവസാനത്തെ കച്ചിത്തുരുന്പാണ്. ഇതങ്ങ് ആളി കത്തിയാൽ ബിജെപി അടപടലം താഴേക്ക് നിലം പതിച്ചേക്കാം.
ഏവരും കാത്തിരിക്കുകയാണ് രാഹുലിന്റെ അയോഗ്യത നിലനിൽക്കുമോ.. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമോ.. അങ്ങനെയെങ്കിൽ കോൺഗ്രസിന്റെ സ്ഥാനാർഥി ആരായിരിക്കും.. എന്നെല്ലാം അറിയാൻ. ജനത്തെ ഉണർത്തും വിധം പ്രതിഷേധത്തിന്റെ കാഠിന്യം കൂട്ടാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.
സഹതാപം രക്ഷയാകുമോ
വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ രാഹുലിനോടുള്ള സഹതാപം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാന്പ്. ഈ ഒരു മൈലേജ് അടുത്ത വർഷം വരെ നീട്ടിക്കൊണ്ടു പോയാൽ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് വീണ്ടും വെന്നിക്കൊടി പാറിക്കാമെന്നാണ് അവർ കണക്ക് കൂട്ടുന്നത്.
അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോൺഗ്രസിന് കിട്ടിയിരിക്കുന്ന തുറുപ്പ് ചീട്ടാണ് രാഹുലിന് കിട്ടിയിരിക്കുന്ന അയോഗ്യത. ഈ കാർഡ് ഇവിടെ ഇറക്കി കളിച്ചാൽ കുറച്ചൊക്കെ മെച്ചമുണ്ടായേക്കാം. അദാനിയുടെ കാര്യത്തിൽ ബിജെപി പാലിക്കുന്ന മൗനം ജനം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന് തന്നെയാണ് കോൺഗ്രസ് ക്യാന്പ് വിലയിരുത്തുന്നത്.
ഇടതിന് പണിയാകുമോ..
രാഹുലിന് അയോഗ്യത കൽപ്പിച്ചപ്പോൾ ഇടതുപക്ഷം പ്രതിഷേധിച്ച് കൊണ്ട് രംഗത്തെത്തിയത് അണികൾക്കിടയിൽ ആകെയൊരു അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ സ്ഥാനാർഥിയെ ഇടതുപക്ഷം നിർത്തില്ലായിരിക്കുമല്ലേയെന്ന ചോദ്യം ബിജെപി ക്യാന്പിൽ നിന്ന് ഉയർന്നതോടെ അവർ ശരിക്കും പെട്ടു.
അതുവേ.. ഇതുറേ.. തെരഞ്ഞെടുപ്പ് വന്നാൽ സ്ഥാനാർഥിയെ നിർത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതോടെ ഇടതിന്റെ ഇരട്ടതാപ്പ് പുറത്തുവന്നു വെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ബിഡിജെഎസ് ഇപ്പോഴേ റെഡി..
വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ ബിജെപി ആരെ സ്ഥാനാർഥിയാക്കും. എന്തായിരിക്കും അവരുടെ തന്ത്രമെന്ന് ആകാംക്ഷയോടെ ജനങ്ങൾ കാത്തിരിക്കുകയാണ്. ഇപ്പോൾ തന്നെ ബിഡിജെഎസ് സീറ്റ് വയനാട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും അടുത്ത വർഷം നടക്കാനുള്ള ലോക്സഭ ഇലക്ഷനെ ചുറ്റിപറ്റിയുള്ള പ്രവർത്തനങ്ങൾക്കാണ് ബിജെപി മുൻതൂക്കം കൊടുക്കുന്നത്.
ആകെ പ്രതീക്ഷയുള്ള സീറ്റ് തൃശൂരുമാണ്. അവിടെ സുരേഷ് ഗോപി വന്നാൽ മാജിക് സംഭവിക്കുമെന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. ഒരൊറ്റ സീറ്റ് പിടിച്ചെടുത്താൽ ആ പഴുതിലൂടെ കേരളത്തിലെ വേരോട്ടം ആഴത്തിലാക്കാമെന്ന് കേന്ദ്ര നേതൃത്വം കണക്ക് കൂട്ടുന്നുണ്ടെന്നാണ് ബിജെപി അണികൾക്കിടയിലെ അടക്കം പറച്ചിൽ.