ഉമേഷ് പാൽ കേസ്; അതിഖ് അഹ്മദിന് ജീവപരന്ത്യം
Tuesday, March 28, 2023 5:32 PM IST
ലക്നോ: ബിഎസ്പി എംഎൽഎ രാജു പാലിന്റെ കൊലപാതകത്തിലെ ദൃക്സാക്ഷിയായ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ അധോലോക നായകൻ അതിഖ് അഹ്മദിനും കൂട്ടാളികൾക്കും ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപയുടെ പിഴയും പ്രയാഗ്രാജ് എംപി - എംഎൽഎ കോടതി വിധിച്ചു.
ദിനേഷ് പസി, ഖാൻ ഷൗക്കത്ത് ഹനീഫ് എന്നീ പ്രതികൾക്കും കോടതി ജീവപര്യന്തം തടവ് വിധിച്ചു. അതിഖിന്റെ സഹോദരൻ അഷ്റഫ് അടക്കമുള്ള കേസിലെ മറ്റ് 10 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു.
സമാജ്വാദി പാർട്ടി മുൻ എംപി കൂടിയായ അതിഖ്, വിധി കേൾക്കുന്ന വേളയിൽ കോടതിയിൽ ബോധരഹിതയായി വീണു. ശിക്ഷ വളരെ കൂടുതലാണെന്ന് പറഞ്ഞാണ് അതിഖ് മോഹാലസ്യപ്പെട്ടത്.
2005-ൽ നടന്ന രാജു പാൽ കൊലപാതക കേസിലെ മുഖ്യസാക്ഷിയായ അഭിഭാഷകൻ ഉമേഷ് പാലിനെ അതിഖും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്. ഉമേഷ് പാലിന്റെ കൊലപാതകത്തിൽ അതിഖിനെയും സഹോദരനെയും ശിക്ഷിക്കണമെന്ന് വിധി അറിഞ്ഞയുടൻ ഉമേഷിന്റെ കുടുംബം പ്രസ്താവിച്ചു.