ഡൽഹിയിൽ പോലീസ് വിലക്ക് മറികടന്ന് കോൺഗ്രസ് മാർച്ച്
Tuesday, March 28, 2023 10:35 PM IST
ന്യൂഡൽഹി: പോലീസ് വിലക്ക് മറികടന്ന് ഡൽഹിയിൽ കോൺഗ്രസ് മാർച്ച്. ജയറാം രമേശ്, രാജ്മോഹൻ ഉണ്ണിത്താൻ, അധിർഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലാണ് ചെങ്കോട്ടയിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. ചെങ്കോട്ടയിൽനിന്ന് ടൗൺ ഹാൾ വരെ ഒന്നരക്കിലോമീറ്റർ മാർച്ച് നടത്താനായിരുന്നു കോൺഗ്രസ് നേരത്തെ തീരുമാനിച്ചത്.
എന്നാൽ ഇവിടേക്ക് എത്തിയ നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പി. ചിദംബരം, ഉത്തരാഖണ്ഡ് മുന് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ജെ.പി. അഗർവാൾ, ജോതിമണി, ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെയാണ് ജയറാം രമേശിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനവുമായി ചെങ്കോട്ടയിലേക്ക് എത്തിയത്.
ചെങ്കോട്ടയിൽ എത്തുന്നതിനു മുൻപ് മാർച്ച് പോലീസ് തടഞ്ഞു. ഇതോടെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഹുലിനെ അയോഗ്യനാക്കിയതില് പ്രതിഷേധിച്ചായിരുന്നു പ്രകടനം.
പന്തംകൊളുത്തി പ്രകടനം നടത്തിയാൽ അന്തരീക്ഷ മലിനീകരണം ഉണ്ടാകുമെന്നായിരുന്നു പ്രകടനത്തിന് അനുമതി നിഷേധിക്കാൻ ഒരു കാരണമായി പോലീസ് പറഞ്ഞത്.