മാതാപിതാക്കളെ വെട്ടിക്കൊന്നു; പ്രായപൂർത്തിയാകാത്ത പെൺകുട്ടി അറസ്റ്റിൽ
Wednesday, March 29, 2023 11:00 AM IST
ലക്നോ: ഉത്തർപ്രദേശിൽ മാതാപിതാക്കളെ കോടാലി കൊണ്ട് കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറസ്റ്റ് ചെയ്തു. ബുലന്ദ്ഷഹറിലാണ് സംഭവം. 16കാരിയെയാണ് പോലീസ് പിടികൂടിയത്.
മാർച്ച് 15 നാണ് ഷബീർ (45), ഭാര്യ റിഹാന (42) എന്നിവരെ ഫാറൂഖി നഗർ ലാൽ ദർവാസ മൊഹല്ലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിനിടെ മകളെ പോലീസ് പിടികൂടുകയും ചെയ്തു.
ചോദ്യം ചെയ്യലിനിടെ, താൻ ആൺകുട്ടികളുമായി സംസാരിക്കുന്നയാളാണെന്നും ഇത് മാതാപിതാക്കൾക്ക് ഇഷ്ടമില്ലെന്നും താൻ ഏതെങ്കിലും ആൺകുട്ടിയോട് സംസാരിക്കുന്നത് കണ്ടാൽ അവർ തന്നെ ക്രൂരമായി മർദിച്ചിരുന്നുവെന്നും കുട്ടി പോലീസിന് മൊഴി നൽകി.
ക്രൂരമായി മർദനമേറ്റതിനെ തുടർന്ന് മാതാപിതാക്കളെ കൊലപ്പെടുത്താൻ തീരുമാനിച്ച പെൺകുട്ടി, ഒരു യുവാവിൽ നിന്ന് 20 ലഹരി ഗുളികകൾ വാങ്ങി മാതാപിതാക്കൾക്ക് ഭക്ഷണത്തിൽ കലർത്തി നൽകി. അബോധാവസ്ഥയിലായ ഇവരെ കോടാലികൊണ്ട് വെട്ടിക്കൊല്ലുകയും ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. പെൺകുട്ടിക്ക് ലഹരി ഗുളികകൾ നൽകിയ യുവാവിനെയും പോലീസ് അറസറ്റ് ചെയ്തിട്ടുണ്ട്.