ഇലവുങ്കല്‍ ബസപകടം; അലക്ഷ്യമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
Wednesday, March 29, 2023 2:59 PM IST
പത്തനംതിട്ട: നിലയ്ക്കലിനു സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ ബാലസുബ്രഹ്മണ്യത്തിനെതിരെ കേസെടുത്തത്.
ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും ആര്‍ടിഒ അറിയിച്ചു. ഇറക്കമിറങ്ങുമ്പോള്‍ ഗിയര്‍മാറ്റി ന്യൂട്രലില്‍ ഇട്ടതാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തല്‍. ഇറക്കം ന്യൂട്രലില്‍ ഇറങ്ങുമ്പോള്‍ എയര്‍ ബ്രേക്കിന്റെ ഡ്രമ്മില്‍ എയര്‍ ഗണ്യമായി കുറയും. ഇങ്ങനെ സംഭവിച്ചപ്പോള്‍ ബ്രേക്ക് കിട്ടാതെ വന്നതാണ് അപകടത്തിലേക്ക് നയിച്ചത്.
അതേസമയം പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 14 പേരാണ് ചികിത്സയിലുള്ളത്. അതില്‍ മൂന്നു പേര്‍ക്കാണ് ഗുരുതര പരിക്കുള്ളത്.
ഇലവുങ്കല്‍ കണമല റോഡില്‍ നാറാണന്‍ തോടിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 64 പേര്‍ക്ക് പരിക്കേറ്റിരുന്നു.
തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള 68 അംഗ തീര്‍ഥാടക സംഘമാണ് ബസിലുണ്ടായിരുന്നത്.