ഗ്രൂപ്പ് തർക്കം; സുള്ള്യയിലെ സ്ഥാനാർഥിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ
Wednesday, March 29, 2023 7:31 PM IST
മംഗളൂരു: സുള്ള്യ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ ദക്ഷിണ കന്നഡ ഡിസിസി ഓഫീസിന് മുമ്പിൽ ധർണ നടത്തി.
മണ്ഡലത്തിലെ പ്രമുഖ നേതാവായ നന്ദകുമാറിന്റെ അനുയായികളാണ് പ്രതിഷേധം നടത്തിയത്. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിയായ ജി. കൃഷ്ണപ്പയെ പിൻവലിച്ച് നന്ദകുമാറിന് അവസരം നൽകണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.
ജനങ്ങൾക്ക് താൽപര്യമുള്ള സ്ഥാനാർഥിയായ നന്ദകുമാറിനെ പോരാട്ടത്തിനിറക്കിയാൽ കോൺഗ്രസിന്റെ വിജയം തങ്ങൾ ഉറപ്പാക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
മെയ് 10-ന് നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഏതാനും ദിവസങ്ങൾക്ക് മുമ്പ് പിസിസി പ്രസിദ്ധീകരിച്ചിരുന്നു.