അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് വേദി നഷ്ടമാക്കി ഇന്തോനേഷ്യ
Wednesday, March 29, 2023 10:01 PM IST
ദോഹ: മെയ് 20-ന് ആരംഭിക്കേണ്ട അണ്ടർ 20 പുരുഷ ഫുട്ബോൾ ലോകകപ്പിന്റെ വേദിയായി ഇന്തോനേഷ്യയെ നിശ്ചയിച്ചത് ഫിഫ റദ്ദാക്കി. ഇതോടെ ടൂർണമെന്റ് അനിശ്ചിതത്വത്തിലായി.
ഇന്ന് ഖത്തറിൽ ചേർന്ന യോഗത്തിനൊടുവിലാണ് ഇന്തോനേഷ്യയ്ക്ക് അനുവദിച്ച ലോകകപ്പ് വേദി പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ അറിയിച്ചു.
ടൂർണമെന്റിലെ ഇസ്രയേലിന്റെ പങ്കാളിത്തം സംബന്ധിച്ച തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ, പലസ്തീൻ നയങ്ങളുടെ പേരിൽ ഇസ്രയേലിനെ നിരന്തരം വിമർശിക്കാറുണ്ട്. പലസ്തീനെ അനുകൂലിക്കുന്നതിന്റെ ഭാഗമായി ഇസ്രയേലുമായി നയതന്ത്രബന്ധം പോലും ഇന്തോനേഷ്യ കാത്തുസൂക്ഷിക്കുന്നില്ല.
ടൂർണമെന്റിൽ ഇസ്രയേൽ ടീം പങ്കെടുക്കുമെന്ന് അറിഞ്ഞതോടെ ഇന്തോനേഷ്യയിൽ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള നറുക്കെടുപ്പ് ഫിഫ മാറ്റിവച്ചിരുന്നു.
ഇതിനിടെ, ടൂർണമെന്റിന് വേദിയാകാൻ താൽപര്യം പ്രകടിപ്പിച്ച് അർജന്റീന രംഗത്തെത്തി. അർജന്റൈൻ അണ്ടർ 20 ടീം ടൂർണമെന്റിന് യോഗ്യത നേടിയിരുന്നില്ല.