ലണ്ടൻ: രാഹുൽ ഗാന്ധിക്കെതിരെ യുകെ കോടതിക്ക് പരാതി നൽകുമെന്ന് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. എല്ലാ മോദിമാരും കള്ളന്മാരാണെന്ന പരാമർശത്തിലെ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ലളിത് മോദി രംഗത്തെത്തിയത്.

അന്താരാഷ്ട്ര കോടതിയും ഇന്‍റര്‍പോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. നിയമവ്യവസ്ഥയില്‍ നിന്ന് ഒളിച്ചോടിയ വ്യക്തിയാണ് താനെന്ന് ആവര്‍ത്തിക്കുകയാണ് രാഹുലും സംഘവും.

എന്നാൽ ആ കുറ്റങ്ങൾക്ക് ഞാൻ ശിക്ഷിക്കപ്പെട്ടിട്ടില്ല. രാഹുലെന്ന പപ്പുവിനെ പോലെയല്ല, സാധാരണക്കാരനായാണ് പറയുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ പകപോക്കല്‍ നടത്തുകയാണെന്നും ലളിത് മോദി ട്വിറ്ററിൽ കുറിച്ചു.

മോദി സമൂഹം നിരവധി കാര്യങ്ങളാണ് ഈ രാജ്യത്തിന് വേണ്ടി ചെയ്തിട്ടുള്ളത് എന്നത് ഒരു കോൺഗ്രസ് നേതാവും മറക്കരുത്. ഇന്ത്യ സ്വപ്നം കാണുന്നതിൽ കൂടുതൽ താനും ചെയ്തിട്ടുണ്ടെന്നും ലളിത് മോദി ട്വീറ്റിൽ കൂട്ടിച്ചേർത്തു.

സാമ്പത്തിക ക്രമക്കേടിൽ ആരോപണവിധേയനായി ഇന്ത്യ വിട്ട ലളിത് മോദി 2010 മുതൽ ലണ്ടനിലാണുള്ളത്.