സൂര്യഗായത്രി കൊലക്കേസ്: പ്രതി കുറ്റക്കാരൻ; ശിക്ഷ ശനിയാഴ്ച
Thursday, March 30, 2023 5:53 PM IST
തിരുവനന്തപുരം: വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി സൂര്യഗായത്രിയെ വീടിനുള്ളിൽ കടന്ന് കുത്തിക്കൊലപ്പെടുത്തിയ പേയാട് സ്വദേശി അരുൺകുമാറാണ് കേസിലെ പ്രതി. ഇയാൾക്കുള്ള ശിക്ഷ ശനിയാഴ്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറ് വിധിക്കും.
കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കയറൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ പ്രതിക്ക് മേൽ ചുമത്തിയിരുന്നത്. ഇരു കുറ്റങ്ങളും പ്രതി ചെയ്തുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.
2021 ഓഗസ്റ്റ് 30ന് നെടുമങ്ങാട് ഉഴപ്പാക്കോണത്തുള്ള വസതിയിൽ വച്ചാണ് ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മുന്നിലിട്ട് പെൺകുട്ടിയെ പ്രതി കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കത്തികൊണ്ട് 33 പ്രാവശ്യം പ്രതി കുത്തുകയായിരുന്നു.
കേസിൽ ഇതുവരെ ജാമ്യം ലഭിക്കാതിരുന്ന പ്രതി അറസ്റ്റിലായ നാൾ മുതൽ ജയിലിലാണ്.