ചാരവൃത്തി ആരോപണം; അമേരിക്കൻ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
Thursday, March 30, 2023 6:31 PM IST
മോസ്കോ: അമേരിക്കയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണമുയർത്തി മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് റഷ്യ. വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടറായ ഇവാൻ ഗെർഷ്കോവിച്ച് ആണ് അറസ്റ്റിലായത്.
യെക്കാറ്റെറിൻബെർഗ് മേഖലയിൽ നിന്ന് അറസ്റ്റ് ചെയ്ത ഗെർഷ്കോവിച്ചിനെ മോസ്കോയിലുള്ള ലെഫോർറ്റോവോ ജില്ലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അമേരിക്കൻ നിർദേശപ്രകാരം പ്രവർത്തിച്ച ഗെർഷ്കോവിച്ച് റഷ്യയുടെ ആഭ്യന്തര രഹസ്യങ്ങൾ ചോർത്തിയെന്നാണ് ആരോപണം. റഷ്യയുടെ പ്രതിരോധ സംവിധാനങ്ങളുമായി ബന്ധമുള്ള ഒരു സംഘടനയുടെ രഹസ്യവിവരങ്ങൾ ഗെർഷ്കോവിച്ച് ശേഖരിച്ചെന്നും ആരോപണമുണ്ട്.
റഷ്യയുടെ ഉയരുന്ന പ്രതിരോധ ചെലവുകളെപ്പറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഗെർഷ്കോവിച്ച് അറസ്റ്റിലായതെന്നത് ശ്രദ്ധേയമാണ്. എന്നാൽ ചാരവൃത്തി ആരോപണം നിഷേധിച്ച് വോൾ സ്ട്രീറ്റ് ജേണൽ രംഗത്തെത്തി.
മുമ്പ് മോസ്കോ ടൈംസ്, എഎഫ്പി എന്നീ സ്ഥാപനങ്ങൾക്കായും സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് ഗെർഷ്കോവിച്ച്.