അരുവിക്കര കുടുംബ കൊലപാതകം; ഒരാൾ കൂടി മരിച്ചു
Thursday, March 30, 2023 7:27 PM IST
തിരുവനന്തപുരം: അരുവിക്കരയില്‍ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അഴീക്കോട് വളപ്പെട്ടി സ്വദേളി മുംതാസ് ആണ് മരിച്ചത്. മുംതാസിന്റെ ഭർത്താവ് അലി അക്ബറിന്റെ ആക്രമണത്തിൽ മുംതാസിന്റെ മാതാവ് നാദിറ(67) കൊല്ലപ്പെട്ടിരുന്നു.
ഇരുവരെയും വെട്ടിപരിക്കേൽപ്പിച്ച ശേഷം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച അക്ബർ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ തുടരുകയാണ്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. വീട്ടുടമസ്ഥനായ അലി ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭാര്യയെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. തുടർന്ന് ഇയാള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു.
ഇയാളുടെ കുട്ടിയുടെ കരച്ചില് കേട്ടാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
അലി മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥനാണ്. മുംതാസ് നെടുമങ്ങാട് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയാണ്.