ഏപ്രിൽ ആദ്യത്തോടെ മുഴുവൻ നെല്ലിന്റെയും വില കർഷർക്ക് നൽകും: മന്ത്രി ജി.ആർ.അനിൽ
Friday, March 31, 2023 12:50 PM IST
തിരുവനന്തപുരം: നെല്ല് വിലയായി 1,11,953 കർഷകർക്ക് 811 കോടി രൂപ വിതരണം നടത്തിയതായി മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. 2022-23 സീസണിൽ 1,34,152 കർഷകരിൽ നിന്നായി മാർച്ച് 28 വരെ 3.61 ലക്ഷം മെട്രിക് ടണ് നെല്ല് സംഭരിച്ചു.
22,199 കർഷകർക്ക് നൽകാനുള്ള 207 കോടി രൂപ വിതരണം ചെയ്തു വരുന്നു. ഏപ്രിൽ ആദ്യ വാരത്തോടുകൂടി മാർച്ച് മാസം 31 വരെ സംഭരിക്കുന്ന മുഴുവൻ നെല്ലിന്റെയും വില കർഷർക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു.
മാർച്ച് 22 മുതൽ 29 വരെ 231 കോടി രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറി. സപ്ലൈകോയുടെ അക്കൗണ്ടിൽ നിന്ന് പ്രസ്തുത തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറിയതിനാൽ കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കാത്ത വിധത്തിലാണ് തുക നൽകുന്നത്.
ഈ സീസണിലെ നെല്ല് സംഭരണം മെച്ചപ്പെട്ട രീതിയിൽ നടന്നു വരുന്നതായും കർഷകർക്ക് നൽകേണ്ട തുക സമയബന്ധിതമായി നൽകുന്നതായും മന്ത്രി അറിയിച്ചു.