ഇൻഡോറിലെ ക്ഷേത്രത്തിലുണ്ടായ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു
Friday, March 31, 2023 3:00 AM IST
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രക്കിണറിന്റെ മേൽമൂടി തകർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (പിഎംഎൻആർഎഫ്) യിൽ നിന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്. പരിക്കേറ്റവർക്ക് 50,000 വീതം നൽകുമെന്നും അറിയിച്ചു.
പ്രധാനമന്ത്രി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി സംസാരിച്ചുവെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.
ഇൻഡോറിലെ ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലെ രാമനവമി ആഘോഷത്തിനിടെയായിരുന്നു അപകടം. ക്ഷേത്രത്തിന്റെ മേൽമൂടി തകർന്ന് 14 പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആഘോഷത്തിനിടെ ആളുകൾ കിണറിന്റെ മേൽമൂടിക്കുമുകളിൽ കയറിയതോടെ ഭാരംതാങ്ങാനാവാതെ തകർന്നു വീഴുകയായിരുന്നു.