ബോധപൂർവമല്ല, കോൾ വന്നപ്പോൾ പ്ലേ ആയതാണ്; വിശദീകരണവുമായി ബിജെപി എംഎൽഎ
Friday, March 31, 2023 8:56 AM IST
ഗോഹട്ടി: ത്രിപുരയിൽ നിയമസഭാ സമ്മേളനത്തിനിടെ മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണ്ട സംഭവത്തിൽ വിശദീകരണവുമായി ബിജെപി എംഎൽഎ ജാദവ് ലാൽ നാഥ്.
അശ്ലീല ചിത്രം ബോധപൂർവം കണ്ടതല്ലെന്നും കോൾ വന്നപ്പോൾ പെട്ടെന്ന് വിഡിയോ പ്ലേ ആയതാണെന്നും എംഎൽഎ ജാദവ് ലാല്‍ നാഥ് പറഞ്ഞു. ബാഗബാസ മണ്ഡലം എംഎൽഎയാണ് ജാദവ് ലാൽ.
ബജറ്റുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനിടെയായിരുന്നു എംഎൽഎ അശ്ലീല വിഡിയോ കണ്ടത്. പിന്നിലിരുന്ന ആളാണ് ജാദവ് ലാലിന്റെ ചെയ്തി പകർത്തിയത്.
ഫോണിൽ വീഡിയോ ക്ലിപ്പുകൾ സ്ക്രോൾ ചെയ്യുകയും ഒരു അശ്ലീല ക്ലിപ്പിലെത്തി അത് പ്ലേ ചെയ്തു കാണുകയും ചെയ്യുന്നതാണ് പിന്നിലിരുന്നയാൾ പകർത്തിയത്.
സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബിജെപിക്ക് നാണക്കേടായി. ഇതാദ്യമായല്ല ഒരു എംഎൽഎ നിയമസഭയ്ക്ക് അകത്തിരുന്ന് അശ്ലീല വിഡിയോ കാണുന്നത്.
2012ൽ കർണാടക നിയമസഭയിൽ ലക്ഷ്മൺ സാവദി, സി.സി. പാട്ടിൽ എന്നീ മന്ത്രിമാർ മൊബൈലിൽ അശ്ലീല വിഡിയോ കാണുകയും വിവാദമായതോടെ അവർ രാജിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് നിരപരാധിത്വം തെളിയിച്ച് വീണ്ടും അധികാരത്തിൽ എത്തുകയും ചെയ്തു.