ഡൽഹി മദ്യനയക്കേസ്: സിസോദിയയ്ക്ക് ജാമ്യമില്ല
Friday, March 31, 2023 11:48 PM IST
ന്യൂഡൽഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല. സിസോദിയയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന സിബിഐ അപേക്ഷ കണക്കിലെടുത്ത് റോസ് അവന്യു കോടതിയാണ് ഈ തീരുമാനം എടുത്തത്.
ഫെബ്രുവരി 27-നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ ആസ്ഥാനത്ത് എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.
ഡൽഹിയിൽ 2021 ൽ നടപ്പാക്കിയ പുതിയ മദ്യനയമാണ് എക്സൈസ്, ധന, വിദ്യാഭ്യാസ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി സിസോദിയയുടെ അറസ്റ്റിൽ കലാശിച്ചത്. പുതിയ മദ്യനയം അനുകൂലമാക്കുന്നതിന് "സൗത്ത് ഗ്രൂപ്പ്’ എന്നറിയപ്പെടുന്ന അബ്കാരി ലോബി നൂറുകോടി രൂപയോളം രൂപ ചെലവഴിച്ചുവെന്നാണ് സിബിഐയുടെ ആരോപണം. ഇതിൽ ആറുശതമാനം ഇടനിലക്കാർവഴി ഉദ്യോഗസ്ഥ-ഭരണതലത്തിൽ എത്തിക്കാനായിരുന്നു നീക്കമെന്നും സിബിഐ പറയുന്നു.