പാക്കിസ്ഥാനിലെ ഭക്ഷ്യവിതരണ കേന്ദ്രത്തിൽ തിരക്കിൽപ്പെട്ട് 11 പേർ മരിച്ചു
Friday, March 31, 2023 9:32 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയിൽ റംസാൻ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ഭക്ഷ്യവിതരണ പരിപാടിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 11 പേർ മരിച്ചു. എട്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.
നഗരപ്രാന്തത്തിലെ ഒരു ഫാക്ടറിയുടെ ഉടമ പോലീസിനെ അറിയിക്കാതെ നടത്തിയ ഭക്ഷ്യവിതരണ പരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്. ഭക്ഷ്യക്ഷാമം മൂലം രാജ്യത്ത് കടുത്ത പ്രതിസന്ധി അനുഭവപ്പെടുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
തിരക്കിനെത്തുടർന്ന് ഫാക്ടറിക്ക് സമീപത്തുണ്ടായിരുന്ന ഓടയിലേക്ക് വീണാണ് നിരവധി പേർ മരിച്ചത്. ഓടയ്ക്ക് സമീപത്തുള്ള മതിൽക്കെട്ട് ഇടിഞ്ഞുവീണത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാക്കിസ്ഥാനിലെ സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ തിരക്കിൽപ്പെട്ട് 21 പേരാണ് മരിച്ചത്.