ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻശ്രമം: നാലു പേർ അറസ്റ്റിൽ
Friday, March 31, 2023 10:48 PM IST
മുണ്ടക്കയം: ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. പുഞ്ചവയൽ കല്ലക്കുന്നേൽ സുന്ദരൻ എന്ന് വിളിക്കുന്ന രഞ്ജിത്ത് (27), പുഞ്ചവയൽ പാക്കാനം ഭാഗത്ത് ദയാഭവനിൽ പ്രണവ് സി. വിജയാനന്ദ് (28), പുഞ്ചവയൽ കൊച്ചുമമ്പലത്ത് സുരേഷ് ഗോപി (48), പുഞ്ചവയൽ നൂലുവേലിൽ എൻ.ജെ. അജ്മൽ (28) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ദിവസം രാത്രി 10ന് പുഞ്ചവയൽ ഭാഗത്ത് വച്ച് ഓട്ടോറിക്ഷയുമായി എത്തിയ ആളെ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും മർദ്ദിക്കുകയും കരിങ്കല്ല് ഉപയോഗിച്ച് മുഖത്തിന് ഇടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.