യുപിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചു
Friday, March 31, 2023 11:14 PM IST
ലക്നോ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ എൽപിജി സിലണ്ടർ പൊട്ടിത്തെറിച്ച് ഒരു കുട്ടിയുൾപ്പെടെ നാലുപേർ മരിച്ചു.
കോട്വാലി നഗറിലെ നയാഗോൺ മേഖലയിലുള്ള ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്ന അഭിഷേക്(20), റയീസ്(40), ആഹദ്(5), വിനോദ് എന്നിവരാണ് മരിച്ചത്.
പാടശേഖരത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന വീട്ടിൽ നിന്ന് ഉഗ്രശബ്ദത്തോട് കൂടിയുള്ള പൊട്ടിത്തെറി ഉയരുന്നത് കേട്ടാണ് പോലീസ് സ്ഥലത്തെത്തിയത്. വിശദമായ പരിശോധനയിൽ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
സ്ഥലത്ത് നിന്ന് എൽപിജി സിലിണ്ടറുകൾ കണ്ടെത്തിയതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.