ഫാക്ടിലെ വിരമിക്കല്‍ പ്രായം: രണ്ടു മാസത്തിനകം തീരുമാനം വേണമെന്നു കോടതി
Saturday, April 1, 2023 3:31 AM IST
കൊച്ചി: ഫാക്ടിലെ വിരമിക്കല്‍ പ്രായം 58 വയസില്‍നിന്നു 60 ആക്കണമെന്ന ഫാക്ട് ഡയറക്ടര്‍ ബോര്‍ഡിന്റെ ശിപാര്‍ശയില്‍ കേന്ദ്രസര്‍ക്കാരും കേന്ദ്ര രാസവള മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്നു ഹൈക്കോടതി നിര്‍ദേശം.
നിലവില്‍ പെന്ഷന് പ്രായമെത്തിയവര്‍ക്കു കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുന്നതുവരെ സര്‍വീസില്‍ തുടരാമെന്നും ഇപ്പോള്‍ വാങ്ങുന്ന ശമ്പളം ലഭിക്കുമെന്നും ജസ്റ്റീസ് എന്‍. നഗരേഷിന്റെ ബെഞ്ച് വ്യക്തമാക്കി. പെന്‍ഷന്‍പ്രായം കൂട്ടേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഇവര്‍ക്ക് അധിക പെന്ഷന് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാതെ സര്‍വീസില്‍ നിന്നു പിരിയേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു.
2021 ഓഗസ്റ്റ് 12 ലെ ഫാക്ട് ഡയറക്ടര്‍ ബോര്‍ഡ് യോഗം പെന്ഷന് പ്രായം 60 വയസായി ഉയര്‍ത്താന്‍ തീരുമാനിച്ചു കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ചു ഫാക്ട് എംപ്ലോയീസ് ഓര്ഗനൈസേഷന് (ബിഎംഎസ്) ഭാരവാഹികളായ പി.കെ. സത്യന്, സി.ആര്. നന്ദകുമാര്‍, ടി.ജെ. ഗണേശന് എന്നിവര്‍ നൽകിയ ഹര്‍ജിയാണു സിംഗിള്‍ബെഞ്ച് പരിഗണിക്കുന്നത്.