ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഡിഎംകെ നേതാവ് അറസ്റ്റിൽ
Wednesday, April 12, 2023 6:51 PM IST
ചെന്നൈ: ആറ് വയസുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഡിഎംകെ നേതാവും മുനിസിപ്പൽ കൗൺസിലറുമായ വി. പക്കിരിസാമിയെ(53) പോലീസ് അറസ്റ്റ് ചെയ്തു. പക്കിരിസാമിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
ബുധനാഴ്ചയാണ് കടല്ലൂർ ജില്ലയിലെ വിരുദാചലം മുനിസിപ്പൽ കൗൺസിൽ അംഗമായ പക്കിരിസാമിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പക്കിരിസാമി ഭരണസമിതി അംഗമായ സ്കൂളിലെ കുട്ടിയാണ് അതിക്രമത്തിന് ഇരയായത്.
ചൊവ്വാഴ്ച സ്കൂളിൽ നിന്ന് തിരിച്ചെത്തിയ കുട്ടി, ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നതായി മാതാപിതാക്കളെ അറിയിച്ചിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ വിവരം വ്യക്തമായത്.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിന്മേൽ അന്വേഷണം ആരംഭിച്ച പോലീസ് ഇന്ന് ഉച്ചയോടെ പക്കിരിസാമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.