എഐ കാമറ; ടെന്‍ഡര്‍ സുതാര്യമല്ല, എല്ലാം അറിയാവുന്ന മുഖ്യമന്ത്രി മൗനവ്രതത്തിലെന്ന് സതീശന്
Tuesday, April 25, 2023 6:50 PM IST
തിരുവനന്തപുരം: എഐ കാമറ പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് കരാര്‍ നല്‍കിയതെന്ന് സതീശന് ആരോപിച്ചു.
ടെന്‍ഡറില്‍ പങ്കെടുത്ത നാല് കമ്പനികളില്‍ ഒന്ന് ടെക്നിക്കല്‍ യോഗ്യതയില്ലാത്തതിനാല്‍ ആദ്യം തന്നെ പുറത്തായി. ഒന്നാം സ്ഥാനത്തുവന്ന സ്രിറ്റ് എന്ന കമ്പനിക്ക് കരാര്‍ നല്കി. രണ്ടാം സ്ഥാനത്ത് വന്നത് അശോക ബില്‍ഡേഴ്സ് ആണ്. സോഫ്റ്റ്വെയറുമായി യാതൊരു ബന്ധവുമില്ലാത്ത നിര്‍മാണ കമ്പനിയാണ് ഇതെന്ന് സതീശന് പറഞ്ഞു.
മൂന്നാം സ്ഥാനത്ത് വന്ന അക്ഷര എന്റര്‍പ്രൈസസിനും ആദ്യത്തെ കമ്പനിയുമായി ബന്ധമുണ്ട്. കെ ഫോണില്‍ സ്രിറ്റ് ഉപകരാര്‍ നല്‍കിയത് അശോകയ്ക്കാണെന്നും സതീശന് പറഞ്ഞു.
പരസ്പരം ബന്ധമുള്ള കമ്പനികള്‍ക്കിടയില്‍ കരാറിന് മുമ്പ് തന്നെ ഒത്തുതീര്പ്പുണ്ടായിരുന്നെന്നും സതീശന് ആരോപിച്ചു. സാങ്കേതിക പ്രാധാന്യമുള്ള പദ്ധതികളില്‍ ഉപകരാര്‍ നല്‍കരുതെന്ന് നിര്‍ദേശമുണ്ട്. ഇവിടെ അത് പാലിക്കപ്പെട്ടില്ല.
മുഴുവന്‍ ഇടപാടുകളും നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. എല്ലാം അറിയാവുന്ന മുഖ്യമന്ത്രി മൗനവ്രതത്തിലാണെന്നും സതീശന് വിമര്‍ശിച്ചു.
വിഷയത്തില്‍ പ്രതിപക്ഷം നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും സതീശന് കൂട്ടിചേര്‍ത്തു.