കേരളത്തെ പ്രധാനമന്ത്രി ഇകഴ്ത്തിക്കാട്ടിയെന്ന് മുഖ്യമന്ത്രി
Sunday, April 30, 2023 8:11 PM IST
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ ഇകഴ്ത്തിക്കാട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലില്ലാഴ്മയെക്കുറിച്ച് പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യമാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പിഎസ്സി വഴി ഏഴ് ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം മതനിരപേക്ഷതയുടെ കേന്ദ്രമാണ്. ഒരു വിഭാഗം കൂടെ ചേരുമെന്ന ബിജെപി ചിന്ത വെറുതെയാണ്. കേരളത്തിൽ ആർഎസ്എസ് വേരോട്ടം കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയകാലത്ത് ധാന്യം നൽകിയതിന്റെ തുക കേന്ദ്രം തിരിച്ചുപിടിച്ചു. കേരളത്തെ സഹായിക്കാൻ മുന്നോട്ട് വന്നവരെയും കേന്ദ്രസർക്കാർ തടഞ്ഞുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
എഐ കാമറ വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. അപകടങ്ങൾ കുറയ്ക്കാനാണ് പദ്ധതി നടപ്പാക്കിയത്. പുകമറ സൃഷ്ടിച്ച് പദ്ധതി തടയാൻ ശ്രമങ്ങൾ നടക്കുന്നു. ഇരുചക്ര വാഹനയാത്രക്കാരുടെ പ്രശ്നങ്ങൾ കേന്ദ്രവുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് ആരെന്ന തർക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.