സെക്രട്ടറിയേറ്റിലെ തീപിടിത്തം; ഫയലുകള്‍ നഷ്ടപെട്ടിട്ടില്ലെന്ന് പി.രാജീവ്
Tuesday, May 9, 2023 11:39 AM IST
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തതില്‍ ഫയലുകള്‍ ഒന്നും നഷ്ടപെട്ടിട്ടില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഓഫീസിലുള്ളതെല്ലാം ഇ-ഫയലുകളാണ്. എഐ കാമറാ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ഇവിടെയില്ലെന്നും മന്ത്രി പറഞ്ഞു.
ഫയര്‍ ഫോഴ്സ് ഉള്‍പ്പെടെ ബന്ധപ്പെട്ട ഏജന്‍സികള്‍ പരിശോധിച്ചാല്‍ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ എന്നും മന്ത്രി കൂട്ടിചേര്‍ത്തു.
സെക്രട്ടറിയേറ്റിലെ നോര്‍ത്ത് സാന്ഡ്വിച്ച് ബ്ലോക്കില്‍ രാവിലെ 7.30നാണ് തീപിടിത്തമുണ്ടായത്. മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപമാണ് സംഭവം.
അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ ഓഫീസിലാണ് തീ പടര്‍ന്നത്. ഫയര്‍ ഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.