കർണാടകയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും: രാഹുൽ ഗാന്ധി
Saturday, May 20, 2023 3:54 PM IST
ബംഗളൂരു: കർണാടകയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സത്യത്തിന്റെയും സാധാരക്കാരുടെയും കൂടെയാണ് കോൺഗ്രസ് നിലനിൽക്കുന്നത്. ബിജെപിക്ക് ഒപ്പമുള്ളത് പണവും അധികാരവുമാണെന്നും കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റതിന് ശേഷം മാധ്യമങ്ങളോട് രാഹുൽ പറഞ്ഞു.
കർണാടകയിൽ സ്നേഹത്തിന്റെ ലക്ഷം കടകളാണ് തുറന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഞങ്ങൾ തെറ്റായ വാഗ്ദാനങ്ങൾ നൽകിരുന്നില്ല. വരുന്ന മണിക്കൂറുകളിൽ കർണാടകയിൽ ആദ്യ മന്ത്രിസഭാ യോഗം നടക്കും. ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാസാക്കും. ശുദ്ധവും അഴിമതിരഹിതവുമായ സർക്കാർ ഞങ്ങൾ ജനങ്ങൾക്ക് നൽകുമെന്നും രാഹുൽ പറഞ്ഞു.
അതേസമയം, കർണാടകയിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.
സിദ്ധരാമയ്യ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഡി.കെ. ശിവകുമാർ അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തി.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു, എൻസിപി അധ്യക്ഷൻ ശരത് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസന്റെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.