ഐപിഎൽ കാണാൻ പോലീസ് അനുവദിച്ചില്ലെന്ന് ഗുസ്തി താരങ്ങൾ
Saturday, May 20, 2023 10:24 PM IST
ന്യൂഡൽഹി: ഐപിഎൽ മത്സരം കാണാൻ പോലീസ് അനുവദിച്ചില്ലെന്നും സ്റ്റേഡിയത്തിൽ തടഞ്ഞെന്നും ഗുസ്തി താരങ്ങൾ. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് ജന്തർമന്ദറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളാണ് ആരോപണവുമായി രംഗത്തെത്തിയത്.
ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ നടന്ന ഡൽഹി ക്യാപിറ്റൽസ്-ചെന്നൈ സൂപ്പർ കിംഗ്സ് മത്സരം കാണാനെത്തിയ താരങ്ങളെയാണ് പോലീസ് തടഞ്ഞത്. ഐപിഎൽ മത്സരത്തിൽ ഡൽഹി പോലീസ് തങ്ങൾക്ക് പ്രവേശനം നിഷേധിച്ചതായി ടോക്കിയോ വെങ്കല മെഡൽ ജേതാവ് ബജ്രംഗ് പുനിയ പറഞ്ഞു.
തങ്ങളുടെ പക്കൽ മത്സരം കാണാനുള്ള ടിക്കറ്റുണ്ടായിരുന്നു. എന്നിട്ടും സ്റ്റേഡിയത്തിൽ കയറാൻ അനുവദിച്ചില്ല. എന്തുകൊണ്ടെന്ന് തങ്ങൾക്ക് അറിയേണ്ടതുണ്ട് പുനിയ കൂട്ടിച്ചേർത്തു. സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ഉൾപ്പെടെയുള്ള മറ്റ് ഗുസ്തി താരങ്ങളും പുനിയയ്ക്കൊപ്പം ഉണ്ടായിരുന്നു.