ബിജെപി നേതാവിന്റെ മകൾക്ക് മുസ്ലിം വരൻ; വിവാദം മദംപൊട്ടി, വിവാഹം മാറ്റി
Sunday, May 21, 2023 6:27 PM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി നേതാവ് മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം വിവാദമായതിനെ തുടർന്ന് മാറ്റിവച്ചു. ബിജെപി നേതാവ് യശ്പാൽ ബെനത്തിന്റെ മകളുടെ വിവാഹമാണ് മാറ്റിയത്.
വിവാഹ ക്ഷണപത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് സംഭവം വിവാദമായത്. വരന്റെ കുടുംബത്തിന്റെ കൂടി സമ്മതത്തോടെയാണ് വിവാഹം മാറ്റിവച്ചതെന്ന് യശ്പാൽ ബെനം പറയുന്നു. ഉത്തരാഖണ്ഡിലെ പൗരി ഗർവാലിലായിരുന്നു സംഭവം.
ഈ മാസം 28 ന് ആണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ തന്റെ മകളുടെ വിവാഹം പോലീസിന്റെ സംരക്ഷണത്തിൽ നടക്കാൻ ആഗ്രഹിച്ചിക്കുന്നില്ല, അതിനാൽ വിവാഹം മാറ്റിവയ്ക്കുകയാണെന്ന് യശ്പാൽ അറിയിച്ചു.
കുട്ടികളുടെ സന്തോഷവും ഭാവിയും കണക്കിലെടുത്താണ് ഈ വിവാഹത്തിന് ഇരു കുടുംബവും തയാറെടുത്തത്. അതിനായി ക്ഷണപത്രങ്ങളും അടിച്ച് വിതരണം ചെയ്തു. എന്നാൽ വിവാഹത്തിനുള്ള ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ പലതലത്തിലുള്ള എതിർപ്പുകളാണ് ഉയർന്നുവന്നതെന്നും യശ്പാൽ പറയുന്നു.
വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ പരസ്പര സമ്മതത്തോടെ തൽക്കാലം വിവാഹ ചടങ്ങുകൾ വേണ്ടെന്ന് ഇരു വീട്ടുകാരും തീരുമാനിക്കുകയായിരുന്നു. ഇതേ യുവാവുമായി മകളുടെ വിവാഹം സംബന്ധിച്ച് ഇരുകുടുംബവും ബന്ധുക്കളും ചേർന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.