ഫുട്ബോൾ സ്റ്റേഡിയത്തിലെ തിരക്കിൽപ്പെട്ട് എൽ സാൽവദോറിൽ 12 പേർ കൊല്ലപ്പെട്ടു
Sunday, May 21, 2023 11:34 PM IST
സാൻ സാൽവദോർ: ലാറ്റിൻ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിലെ ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 12 പേർ മരിച്ചു. നൂറിലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്.
തലസ്ഥാനമായ സാൻ സാൽവദോറിലെ കസ്കാറ്റ്ലൻ സ്റ്റേഡിയത്തിൽ അലയൻസ എഫ്സി - ഡിപോർട്ടിവോ ഫാസ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. രാജ്യത്തെ ഒന്നാംനിര ലീഗായ പ്രിമേര ഡിവിഷന്റെ രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറാൻ ആളുകൾ ശ്രമിച്ചതാണ് അപകടകാരണം.
സ്റ്റേഡിയത്തിന്റെ ഗേറ്റുകളിലൊന്ന് തകർത്ത് ആരാധകർ അകത്തുകയറിയതോടെ തിക്കും തിരക്കും രൂക്ഷമായി. മത്സരം 16 മിനിറ്റുകൾ മാത്രം കളിച്ച ശേഷം നിർത്തിവച്ചിരുന്നു. ഇതിനിടെയാണ് ആളുകൾ മരണപ്പെട്ടത്.
വ്യാജ ടിക്കറ്റുകളുമായി നിരവധി പേർ സ്റ്റേഡിയത്തിനുള്ളിൽ കയറിയെന്നും തിരക്ക് നിയന്ത്രിക്കാൻ സാധിച്ചില്ലെന്നും അധികൃതർ അറിയിച്ചു.