കിൻഫ്ര പാർക്കിലെ തീപിടിത്തം: വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ശിവൻകുട്ടി
സ്വന്തം ലേഖകൻ
Tuesday, May 23, 2023 3:34 PM IST
തിരുവനന്തപുരം: കേരള മെഡിക്കൽ കോർപ്പറേഷൻ മരുന്ന് ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി.
രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിരക്ഷാ സേനാംഗം മരിച്ചത് ദൗര്‍ഭാഗ്യകരമെന്നും മന്ത്രി പറഞ്ഞു. തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കിന്‍ഫ്ര എം.ഡി സന്തോഷ് കോശിയും വ്യക്തമാക്കി.
അതേസമയം, കിന്‍ഫ്ര പാര്‍ക്കിലെ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആരോപിച്ചു. കോവിഡ് കാലത്തെ മരുന്ന് പര്‍ച്ചേസ് അഴിമതിയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ ലോകായുക്ത അന്വേഷണം നടക്കുന്നതിനിടെയാണ് തുടര്‍ച്ചയായി തീപിടിത്തമുണ്ടാകുന്നതെന്ന് സതീശന് പറഞ്ഞു.
കൊല്ലത്ത് ബ്ലീച്ചിംഗ് പൗഡറില്നിന്നാണ് തീപിടിത്തമുണ്ടായത്. ഇതേ കാരണം കൊണ്ടാണ് തിരുവനന്തപുരത്തെ മരുന്നു സംഭരണശാലയിലും തീപിടിത്തം ഉണ്ടായതെന്ന വാദം അവിശ്വസനീയമാണെന്ന് സതീശന് വ്യക്തമാക്കി.
ഏതെങ്കിലും വിഷയത്തില്‍ അന്വേഷണം നടക്കുമ്പോള്‍ തീപിടിത്തമുണ്ടാക്കുന്നത് സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണ്. സ്വര്‍ണക്കടത്തും എഐ കാമറയും വിവാദമായപ്പോള്‍ സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായി. നിര്‍ണായക രേഖകള്‍ നശിപ്പിക്കാനുള്ള തന്ത്രമാണിതെന്നും സതീശന് ആരോപിച്ചു.