കാലവര്‍ഷം കനക്കും; കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കും
Thursday, May 25, 2023 1:01 PM IST
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കനക്കുമെന്ന് ആഗോള കാലാവസ്ഥ ഏജന്‍സികള്‍. ഏഷ്യന്‍, അമേരിക്കന്‍, യൂറോപ്യന്‍ കാലാവസ്ഥ ഏജന്‍സികളുടെ ഏപ്രില്‍-മേയ് മാസങ്ങളിലെ മോഡല്‍ പ്രകാരം കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.
ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളില്‍ സാധാരണയില്‍ കുറവും, കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴയും തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ ലഭിക്കുമെന്നാണ് ലോക കാലാവസ്ഥ സംഘടനയുടെ കണക്ക്. മധ്യ-തെക്കന്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതലും, വടക്കന്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴയുമാണ് ലഭിക്കാനിട.
കാലവര്‍ഷം ആരംഭിച്ചതിന് ശേഷമുണ്ടാകുന്ന ന്യൂനമര്‍ദം പോലുള്ള പ്രതിഭാസങ്ങള്‍ മഴയുടെ തോത് വര്ധിപ്പിക്കാനുമിടയുണ്ട്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി വ്യാഴാഴ്ച ഓറഞ്ച് ബുക്ക് പുറത്തിറക്കും.
അതിനിടെ, വടക്കന്‍ കേരളം മുതല്‍ വിദര്‍ഭ വരെ നീണ്ട ന്യൂനമര്‍ദപാത്തി കാരണം സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
26 നും 27നും ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.