ശാസ്ത്ര തത്വങ്ങൾ ഉത്ഭവിച്ചത് വേദങ്ങളിൽ നിന്ന്: ഐഎസ്ആർഒ ചെയർമാൻ
Thursday, May 25, 2023 6:52 PM IST
ന്യൂഡൽഹി: ശാസ്ത്ര തത്വങ്ങൾ വേദങ്ങളിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. എന്നാൽ പാശ്ചാത്യർ പിന്നീട് ഇത് സ്വന്തമാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനി മഹർഷി പാണിനി സംസ്കൃത സർവകലാശാലയിൽ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീജഗണിതം, വർഗമൂലങ്ങൾ, സമയത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ, വാസ്തുവിദ്യ, പ്രപഞ്ച ഘടന, ലോഹശാസ്ത്രം, വ്യോമയാനം പോലും ആദ്യമായി വേദങ്ങളിലാണ് കണ്ടെത്തിയത്. എന്നാൽ ഈ അറിവുകൾ അറബി രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് സഞ്ചരിച്ചു, പിന്നീട് പാശ്ചാത്യ ലോകത്തെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി അവ സ്ഥാപിക്കപ്പെട്ടു.
സംസ്കൃത ഭാഷയായിരുന്നു അക്കാലത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്നത്. സംസ്കൃതത്തിന് അന്ന് ലിപിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇതൊന്നും സ്ഥാപിക്കാനായില്ല. കേൾക്കുകയും ഹൃദയംകൊണ്ട് പഠിക്കുകയും ചെയ്താണ് ഭാഷ നിലനിന്നത്. പിന്നീടാണ് സംസ്കൃതത്തിന് ദേവനാഗരി ലിപി ഉപയോഗിക്കാൻ തുടങ്ങിയതെന്നും സോമനാഥ് പറഞ്ഞു.
ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, വ്യോമയാനശാസ്ത്രം എന്നിവയിലെ പല കണ്ടെത്തലുകളും സംസ്കൃതത്തിൽ എഴുതിവച്ചിട്ടുണ്ട്. എന്നാൽ അവ പൂർണമായി പഠിക്കാനോ ഉപയോഗിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല. എഞ്ചിനീയർമാരും ശാസ്ത്രജ്ഞൻമാരും സംസ്കൃതത്തെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. കമ്പ്യൂട്ടർ ഭാഷക്കും ഇത് അനുയോജ്യമാണ്. സംസ്കൃതത്തെ സാങ്കേതിക മേഖലയിൽ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് ഗവേഷണങ്ങൾ നടക്കുന്നുണ്ടെന്നും സോമനാഥ് കൂട്ടിച്ചേർത്തു.