പാർലമെന്റ് ഉദ്ഘാടനത്തിനു രാഷ്ട്രപതിയെ നിയോഗിക്കണം: സുപ്രീംകോടതിയിൽ ഹർജി
Thursday, May 25, 2023 10:40 PM IST
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ നിയോഗിക്കണമെന്ന് ആവശ്യപെട്ട് സുപ്രീംകോടതിയിൽ ഹർജി. സുപ്രീം കോടതി അഭിഭാഷകനായ സി.ആർ. ജയ സുകിനാണ് ഹർജി നൽകിയത്.
വെള്ളിയാഴ്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച പൊതുതാൽപര്യ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റീസ് ജെ.കെ. മഹേശ്വരി, ജസ്റ്റീസ് പി.എസ്. നരസിംഹ എന്നിവരുൾപ്പെടുന്ന അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. രാഷ്ട്രപതിയെ ഒഴിവാക്കിയതിലൂടെ ഭരണഘടനാ ലംഘനമാണ് നടത്തിയതെന്നാണ് ഹർജിയിൽ പറയുന്നത്.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രിയെയാണ് ലോക്സഭ സെക്രട്ടറിയേറ്റ് ക്ഷണിച്ചതെന്നും എന്നാൽ രാഷ്ട്രപതിയെയാണ് ക്ഷണിക്കേണ്ടിയിരുന്നതെന്നും ഹർജിയിൽ പറയുന്നു.
രാജ്യത്തിന്റെ പരമോന്നത നീതിനിർവഹണ സംവിധാനമാണ് പാർലമെന്റ്. പാർലമെന്റിന്റെ ഇരു സഭകളെയും വിളിച്ചു ചേർക്കുന്നതിനും നിർത്തിവയ്ക്കുന്നതിനും പുറമേ സ്ഥിരം സഭയല്ലാത്ത ലോക്സഭ പിരിച്ചു വിടുന്നതിനും രാഷ്ട്രപതിക്കാണ് അധികാരം.
ഭരണഘടനയുടെ 79-ാം അനുഛേദം അനുസരിച്ച് രാഷ്ട്രപതി പാർലമെന്റിന്റെ അവിഭാജ്യ ഘടകമായതിനാൽ രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണിക്കാതിരുന്നത് ലോക്സഭ സെക്രട്ടറിയേറ്റിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും ജയ സുകിൻ ചൂണ്ടിക്കാട്ടി.