ചൈനയില്‍ വീണ്ടും കോവിഡ് തരംഗം; പ്രതിവാരം 65 ദശലക്ഷം കേസുകൾ
Friday, May 26, 2023 11:22 AM IST
ബെയ്ജിംഗ്: ചൈനയില്‍ വീണ്ടും ശക്തമായ കോവിഡ് തരംഗം ആരംഭിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമം "വാഷിംഗ്ടണ്‍ പോസ്റ്റ്' ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ശൈത്യകാലത്ത് തങ്ങള്‍ കോവിഡ് മുക്തരായി എന്ന് ചൈന പ്രഖ്യാപിച്ചതിന് ശേഷം വരുന്ന ശക്തമായ തരംഗമാണിത്. ജൂണില്‍ അത്യധികം ഉയരുമെന്നും ആഴ്ചയില്‍ 65 ദശലക്ഷം ആളുകളെ രോഗം ബാധിക്കുമെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.
എക്സ്ബിബി ഒമിക്രോണ്‍ വകഭേദങ്ങളാണ് നിലവില്‍ ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിപ്പിക്കുന്നത്. ഇതിനെതിരേ പ്രയോഗിക്കാവുന്ന വാക്സിനുകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ചൈന.
എന്നാല്‍ നിലവില്‍ ചൈനയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. രോഗതീവ്രത കുറവായിരിക്കുമെന്നതിനാല്‍ മരണനിരക്ക് ഉയരുമോ എന്ന ആശങ്ക വേണ്ടെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
യുഎസിലും കോവിഡ് കേസുകളില്‍ വര്‍ധനവുണ്ട്. പുതിയ വകഭേദങ്ങള്‍ യുഎസിലും പുതിയ തരംഗത്തിന് കാരണമാകുമോയെന്ന ആശങ്ക നിലനില്ക്കുന്നു.